ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 8 March 2015

പഴശ്ശിയുടെ നാട്ടില്‍

സഹ്യന്റെ മുകള്‍ത്തട്ടില്‍....2


ഫെബ്രുവരി മാസം 12മുതല്‍ 14 വരെ തീയ്യികളിലായി നടത്തിയ ഊട്ടി-വയനാട് അധ്യയന യാത്രയുമായി ബന്ധപ്പെട്ട്  കുട്ടികളുടെ അനുഭവങ്ങള്‍....  അവര്‍ കുറിച്ചിട്ട യാത്രാവിവരണങ്ങളില്‍ നിന്നും സമ്മാനാര്‍ഹമായവ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു...

രാഹുല്‍ രവീന്ദ്രന്‍
ഏഴാം ക്ലാസ്സ്

വയനാട് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെടുന്ന ഒരു ചിത്രമുണ്ട്.ധീരനായ പഴശ്ശി രാജാവ്.ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി വീരമൃത്യുവരിച്ച ദേശാഭിമാനി.ആദിവാസികളേയും കൂട്ടി അദ്ദേഹം നടത്തിയ ഗറില്ലായുദ്ധം.അവിടുത്തെ വലിയ വലിയ മലനിരകള്‍.ഘോരവനങ്ങള്‍...

ഊട്ടിയിലെ ഷൂട്ടിങ്ങ് പോയന്റില്‍ നിന്നും ഞങ്ങള്‍ നേരെ തിരിച്ചത് വയനാട്ടിലേക്കായിരുന്നു.വൈകുന്നേരം ആറു മണിയോടെ ഞങ്ങള്‍ ഊട്ടിയോടു വിടപറഞ്ഞു.ഊട്ടിയിലെ പച്ചപ്പേ,തണുപ്പേ,മനോഹരമായ ദ്യശ്യങ്ങളേ....വിട.ഇനി ഞാന്‍ വലുതാകുമ്പോള്‍ വീണ്ടും വരും.അപ്പോള്‍ കാണാം.അന്നു നീ എന്നെ ഓര്‍മ്മിക്കണം. ഗുഡ് ബൈ...
ബസ്സ് മുരണ്ടുകൊണ്ട് മലയിറങ്ങുകയാണ്.നല്ല തണുപ്പുണ്ട്.കൂട്ടുകാരൊക്കെ വേഗം തന്നെ ഉറക്കം പിടിച്ചിരിക്കുന്നു.ഞാന്‍ ബസ്സിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.നല്ല ഇരുട്ട്.റോഡിന് ഇരു വശവും ഘോരവനങ്ങളാണ്.മരങ്ങളുടെ നിഴലുകള്‍ മാത്രം കാണാം.നല്ല ക്ഷീണമുണ്ട്. എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി.ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീണു.


മാഷ് കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.ബസ്സ് നിന്നിരിക്കുന്നു.ഞങ്ങള്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയിരിക്കുന്നു.ക്രിസ്ത്യന്‍ പള്ളിവക നടത്തുന്ന ഒരു ട്രെയിനിങ്ങ് സെന്ററിലാണ് ഞങ്ങളുടെ താമസം.രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു.എല്ലാവരും ബാഗുമായി പുറത്തിറങ്ങി.പലരുടേയും ഉറക്കം വിട്ടു മാറിയിട്ടില്ല.ആ കെട്ടിടത്തിന് മുന്നിലിരുന്നാണ് ഭക്ഷണം കഴിച്ചത്.ചോറും കോഴിക്കറിയും.പക്ഷേ,നേരം നന്നെ വൈകിയതുകൊണ്ട് ഭക്ഷണം രുചികരമായിത്തോന്നിയില്ല.ഒരു വിധം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു.


ഞങ്ങള്‍ ബാഗുമെടുത്ത് വലിയൊരു ഹാളിലേക്കാണ് ചെന്നത്.അവിടെ നിറയെ കട്ടിലുകള്‍.കട്ടിലുകള്‍ക്കെല്ലാം രണ്ടു നില.ഒന്നിനു മുകളില്‍ മറ്റൊന്ന്.മുകളിലെ കട്ടിലില്‍ കയറാന്‍ ഏണിയുണ്ട്.എല്ലാ കട്ടിലിലും കിടക്കയും വിരിപ്പും.കണ്ടപ്പോള്‍ സന്തോഷം തോന്നി.ഇന്ന് സുഖമായി ഉറങ്ങാലോ..
ഞാന്‍ മുകളിലത്തെ കട്ടിലില്‍ കയറിക്കിടന്നു.എനിക്കു താഴെ അതുലാണ്.സമയം പതിനൊന്നു മണിയായിരിക്കുന്നു.നല്ല തണുപ്പുണ്ട്.പക്ഷേ,ഊട്ടിയിലെ അത്രയും വരില്ല.പുതപ്പുകൊണ്ട് മൂടിപ്പുതച്ച് കിടന്നു.നല്ല സുഖം!കിടക്കേണ്ട താമസം ഉറങ്ങിപ്പോയി.
രാവിലെ ആറുമണിക്കുതന്നെ എഴുന്നേറ്റു.കുളിച്ച് ഫ്രഷായി.പ്രഭാത ഭക്ഷണം എനിക്ക് ഇഷ്ടപ്പെട്ടതുതന്നെ. പൂരിയും ബാജിയും.നല്ല വിശപ്പുണ്ടായിരുന്നു.അതു കാരണം നന്നായി കഴിച്ചു.



 ഇന്നാദ്യം പോകുന്നത് എടയ്ക്കല്‍ ഗുഹയിലേക്കാണെന്ന് മാഷ് പറഞ്ഞു.എനിക്കു സന്തോഷം തോന്നി.എടയ്ക്കല്‍ ഗുഹയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.ഇന്ത്യയില്‍ പ്രാചീന മനുഷ്യര്‍ താമസിച്ചിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്   എടയ്ക്കല്‍ ഗുഹ.ഗുഹയുടെ ഭിത്തിയില്‍ കാട്ടു മനുഷ്യര്‍ വരച്ചിട്ട ചിത്രങ്ങളുണ്ട്.അതു കാണാന്‍ എനിക്കു ധൃതിയായി.



രാവിലെ കൃത്യം എട്ടരമണിക്ക് ഞങ്ങള്‍ പുറപ്പെട്ടു.ബസ്സ് വളരെ പതുക്കെയാണ് പകുന്നത്.എങ്ങും മലനിരകളാണ്.ചിലത് വളരെ ഉയരം കൂടിയത്.മറ്റു ചിലത് ഉയരം കുറഞ്ഞവ.മല മുകളില്‍ പച്ച പരവതാനി വിരിച്ചതുപോലെ തേയിലത്തോട്ടങ്ങള്‍.കാണാന്‍ നല്ല ഭംഗി!സഹ്യപര്‍വ്വതത്തിലെ മലനിരകളാണ് ഇവ.മുമ്പ് ഇവിടെ നിറയെ കാടുണ്ടായിരിക്കണം.കാടുവെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണത്രെ.

എടയ്ക്കല്‍ ഗുഹ എന്ന അത്ഭുതം

 ഒടുവില്‍ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. ബസ്സ് ഒരിടത്ത് പാര്‍ക്ക് ചെയ്തു.ഇനി ഒന്നരക്കിലോമീറ്റര്‍ നടക്കണം.ഞങ്ങള്‍ നടന്നു. വീതി കുറഞ്ഞ റോഡ്.ഇരു വശവും ധാരാളം കടകള്‍.ടൂറിസ്റ്റുകളെ ആശ്രയിച്ച് നിലനില്‍ക്കുന്നവയാണ് ഈ കടകള്‍.വഴിക്കിരുവശവും ധാരാളം കുരങ്ങന്‍മാരെ കണ്ടു.സഞ്ചാരികള്‍ നല്‍കുന്ന ഭക്ഷണമാണ് അവരുടെ ആഹാരം എന്നു തോന്നി.ആളുകളുടെ കൈകളില്‍ നിന്നും അവര്‍ ആഹാരവസ്തുക്കള്‍ തട്ടിയെടുത്ത് ഓടുന്നു.



അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ.സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍.മല കയറാന്‍ സ്റ്റെപ്പുകള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്.പടികള്‍ ന്നൊന്നായി ചവിട്ടിക്കയറി.ഞങ്ങള്‍ നേരെ ചെന്നത്  എടയ്ക്കല്‍ ഗുഹ എന്ന അത്ഭുതത്തിലേക്ക്.


വലിയ ഒരു ഗുഹ.അതിന്റെ ഭിത്തിയിലെ കരിങ്കല്ലില്‍ നിറയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വരച്ചിട്ട ചിത്രങ്ങള്‍.ബി.സി. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച,നവീന ശിലായുഗത്തലെ   മനുഷ്യര്‍ വരച്ചിട്ടതാണ് ഈ ചിത്രങ്ങള്‍. ഗോത്രരാജാവ്,അമ്മയും കുഞ്ഞും,മാന്‍, ആന എന്നീ രൂപങ്ങള്‍ തെളിഞ്ഞുകാണാം.മഴയില്‍ നിന്നോ കാറ്റില്‍ നിന്നോ രക്ഷപ്പെടാനായിരിക്കണം അവര്‍ ഈ ഗുഹയ്ക്കകത്ത് കയറി താമസിച്ചത്.96അടി നീളവും 22വീതിയുമുള്ള കല്‍വിടവില്‍ ഭീമാകാരമായ ഒരു പാറ വീണ് രൂപപ്പെട്ടതാണ് ഈ ഗുഹയെന്ന് അവിടെയുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് പറഞ്ഞുതന്നു.

ബ്രിട്ടീഷ് മലബാര്‍ പോലീസ് സൂപ്രണ്ട് എഫ്.ഫോസ്റ്റ് ആണ് 1901ല്‍ ഈ ഗുഹയെപ്പറ്റി ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ലോകത്തെ അറിയിക്കുന്നത്.

ഗുഹയ്ക്കകത്ത് നല്ല തണുപ്പ്.ഒരു നിമിഷം എന്റെ കണ്ണുകള്‍ അടഞ്ഞുപോയി.എങ്ങും ഇരുട്ട്. കത്തുന്ന തീപ്പന്തങ്ങള്‍.വേട്ടയാടി കൊണ്ടുവന്ന ഒരു മാനിന് ചുറ്റും അവര്‍ നൃത്തം ചെയ്യുകയാണ്.കാട്ടു മനുഷ്യര്‍.അവര്‍ പല ശബ്ദങ്ങളും പുറപ്പെടുവിക്കുന്നു.


കണ്ണുതുറന്നപ്പോള്‍ എല്ലാവരും ഗുഹയ്ക്കകത്ത് നിന്ന് പുറത്തിറങ്ങുകയാണ്.ഞാനും ഇറങ്ങി.ഗുഹയ്ക്കുമുന്നില്‍ കുറച്ചുസമയം ചെലവഴിച്ചു.ചുറ്റും ഭീമാകാരമായ മലകള്‍.നല്ല കാറ്റ്.പതുക്കെ മലയിറങ്ങി.

മണ്ണുകൊണ്ടൊരു അണക്കെട്ട്

ഞങ്ങളുടെ അടുത്ത ലക്ഷ്യം ബാണാസുരസാഗര്‍ അണക്കെട്ടാണ്.ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ്കൊണ്ടു പണിത അണക്കെട്ട്.ഏഷ്യയിലെ രണ്ടാമത്തേത്.പാഠപുസ്തകത്തില്‍ ഡാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്.ഒരു ഡാം നേരിട്ടു കാണുന്നത് ആദ്യമായി.


ബസ്സിറങ്ങി അരക്കിലോമീറ്റര്‍ നടന്നുകാണും.നേരം ഉച്ചതിരിഞ്ഞിരിക്കുന്നു.നല്ല കാറ്റ്.മണ്ണ്കൊണ്ട് കെട്ടിയുയര്‍ത്തിയ ഡാമിന്റെ മനോഹരമായ ദൃശ്യം.നിശ്ചലമായി നില്‍ക്കുന്ന നീല നിറത്തിലുള്ള ജലപ്പരപ്പ്.നീലത്തടാകം.ഞങ്ങള്‍ ജലപ്പരപ്പിലേക്കു നോക്കി കുറേ നേരം നിന്നു.പിന്നീട് അതിനുചുറ്റുമുള്ള പാര്‍ക്കിലൂടെ നടന്നു.ഒരു കുളത്തില്‍ വലിയ ഗോള്‍ഡ് ഫിഷിനെക്കണ്ടു.മീനുകളെക്കൊണ്ട് കാല് മസാജ് ചെയ്യിക്കുന്ന ഫിഷ് സ്പാ കണ്ടു.ഒരാള്‍ കാല് വെള്ളത്തിലിട്ട് മസാജ് ചെയ്യുന്നുണ്ടായിരുന്നു.


നിറയെ മരങ്ങളുള്ള ഒരിടത്തേക്ക് ഞങ്ങള്‍ പോയി.അവിടെ മരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ധാരാളം ഊഞ്ഞാലുകള്‍ കെട്ടിയിട്ടിരിക്കുന്നു.നല്ല നാടന്‍ ഊഞ്ഞാലുകള്‍.ഞങ്ങള്‍ ആ ഊഞ്ഞാലുകളില്‍ ഇരുന്നാടി.സമയം പോയത് അറിഞ്ഞില്ല.

പിന്നീട് പൂക്കോട്ടുതടാകത്തിലേക്കാണ് പോയത്.സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.അതു കാരണം അവിടെ കയറാന്‍ കഴിഞ്ഞില്ല.സങ്കടം തോന്നി.നേരെ ചങ്ങല മരം കാണാന്‍ പോയി.ഒരു മരത്തില്‍ നീണ്ട ചങ്ങല തൂക്കിയിട്ടിരിക്കുന്നു.അത് ആളുകള്‍ പൂജിക്കുന്ന മരമാണ്.താമരശ്ശേരിചുരം ഇറങ്ങാന്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.ഈ ചങ്ങലമരത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.പണ്ട് ബ്രിട്ടീഷുകാര്‍ക്ക് ചുരത്തിലേക്കുള്ള വഴികാണിച്ചു കൊടുത്തത് ഒരു പണിയ യുവാവായിരുന്നു.ഇനിയാര്‍ക്കും അവന്‍ ഈ വഴി  കാണിച്ചുകൊടുക്കരുത് എന്നു കരുതി അവര്‍ അവനെ കൊന്നു.അവന്റെ പ്രേതത്തെയാണ് ഈ ചങ്ങലയില്‍ തളച്ചിരിക്കുന്നത്.

അവിടെ നിന്നും കുറച്ചു മുന്നോട്ടു നടന്നു.ഇപ്പോള്‍ താമരശ്ശേരി ചുരം നന്നായി കാണാം.'വെള്ളാനകളുടെ നാട് 'എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ 'താമരശ്ശേരിചുരം' എന്നുതുടങ്ങുന്ന തമാശ രംഗം പലതവണ കണ്ട് ചിരിച്ചിട്ടുണ്ട്.ആ ചുരം ഇതാ കണ്‍മുന്നില്‍.മലയെ ചുറ്റിയിറങ്ങിപ്പോകുന്ന റോഡുകള്‍.നേരം സന്ധ്യയായിരിക്കുന്നു.വാഹനങ്ങുടെ ലൈറ്റുകള്‍ പ്രകാശിക്കാന്‍ തുടങ്ങി.ആ കാഴ്ച കാണേണ്ടതുതന്നെ.മലകളിലൂടെ പ്രകാശം സഞ്ചരിക്കുന്നു.റോഡുകള്‍ ഇപ്പോള്‍ തെളിഞ്ഞുകാണാം.മലകളെ ചുറ്റിവരിഞ്ഞ് റോഡുകള്‍ പണിത മനുഷ്യരെക്കുറിച്ചാണ് അപ്പോള്‍ ഓര്‍ത്തുപോയത്.


അല്പം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ബസ്സിനടുത്തേക്ക് തിരിച്ചുനടന്നു.ഇനി മടക്കയാത്രയാണ്.വഴിക്കരികില്‍ വിസ്തൃതമായ ഒരു മൈതാനത്തിനടുത്ത് ബസ്സ് നിര്‍ത്തി.അവിടെയിരുന്ന് ഭക്ഷണം കഴിച്ചു.വെജിറ്റബിള്‍ ബിരിയാണിയാണ്.നല്ല രുചിയോടെ കഴിച്ചു.പിന്നെ വീണ്ടും യാത്ര. കാനത്തൂരേക്ക്.ടൂറിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ബസ്സിലെ മൈക്കിലുടെ എല്ലാവരും പങ്കുവെച്ചു.ഹൃദയത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു യാത്ര.കാനത്തൂര്‍ സ്ക്കൂളില്‍ നിന്നുള്ള ഞങ്ങളുടെ അവസാനത്തെ പഠനയാത്രയാണ് ഇത്.ഒപ്പം ഞങ്ങളുടെ ഹെഡ്മാസ്റ്ററുടേയും.അദ്ദേഹം അടുത്ത മാസം റിട്ടയര്‍ ചെയ്യുകയാണ്.


സമയം പതിനൊന്ന് മണിയായിരിക്കുന്നു.സീറ്റില്‍ ചാരിക്കിടന്ന് മെല്ലെ കണ്ണടച്ചു.
ബസ്സ് നിര്‍ത്തി.സമയം പുലര്‍ച്ചെ നാലര."എവിടെയാണ് സ്ഥലം?” ഞാന്‍ ചോദിച്ചു."കാനത്തൂര്‍."രാജേഷ് പറഞ്ഞു.എന്നെ കൊണ്ടുപോകാന്‍ അച്ഛന്‍ സ്ക്കൂട്ടറുമായി വന്നിരുന്നു.എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍ സ്ക്കൂട്ടറിന്റെ പുറകില്‍ കയറിയിരുന്നു.





No comments:

Post a Comment