ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 28 February 2015

സഹ്യന്റെ മുകള്‍ത്തട്ടില്‍


ഫെബ്രുവരി മാസം 12മുതല്‍ 14 വരെ തീയ്യികളിലായി നടത്തിയ ഊട്ടി-വയനാട് അധ്യയന യാത്രയുമായി ബന്ധപ്പെട്ട്  കുട്ടികളുടെ അനുഭവങ്ങള്‍....  അവര്‍ കുറിച്ചിട്ട യാത്രാവിവരണങ്ങളില്‍ നിന്നും സമ്മാനാര്‍ഹമായവ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു...

ശ്രീരാഗ് സുരേഷ്
ഏഴാം ക്ലാസ്സ്


അമ്മ ഒരു ചെറു പുഞ്ചിരിയോടെ കൈകാണിച്ചു.എന്റെ കണ്ണുകള്‍
അറിയാതെ നിറഞ്ഞു തുളുമ്പി.ദുഃഖം പുറത്തുകാട്ടാതെ ഞാനും പുഞ്ചിരിച്ചു.ഇനി രണ്ടുദിവസം കുടുംബത്തെ കൂടാതെ കഴിയേണ്ടിവരും.എന്റെ അടുത്തായി അതുലും ഋതുപര്‍ണും സീറ്റ് കൈപ്പറ്റിയിട്ടുണ്ട്.അവര്‍ വളരെയേറെ ഉത്സാഹത്തിലാണ്.ഇനി രണ്ടു ദിവസം നമ്മുടെ വാസം സഹ്യന്റെ മുകള്‍ത്തട്ടിലാണ്.ഊട്ടിയിലും വയനാട്ടിലും.സഹ്യപര്‍വ്വതത്തെക്കുറിച്ച് ആറാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്.അവിടുത്തെ പ്രകൃതിഭംഗിയെക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചും തണുത്ത കാലാവസ്ഥയെക്കുറിച്ചും.


വ്യാഴാഴ്ച വൈകുന്നേരം 4.30.കാനത്തൂരില്‍ നിന്നും വരദായിനി എന്നുപേരുള്ള ബസ്സ് ഞങ്ങളേയും കൊണ്ട് മുന്നോട്ടു നീങ്ങി.തൊട്ടടുത്ത നിമിഷം മൈക്ക് ശബ്ദിച്ചു.
'പണവും പ്രതാപവും എന്തിനാണച്ചോ?
രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍.'
രാഹുല്‍ രവീന്ദ്രന്റെ ഗംഭീരമായ പാട്ട്.കഴിഞ്ഞ രണ്ടുവര്‍ഷവും ഇത്തവണയും രാഹുല്‍ ടൂറിന് എന്നോടൊപ്പമുണ്ട്.കൂട്ടുകാരെ കൈയ്യിലെടുക്കാന്‍ അവന് ന്നായി അറിയാം.രാഹുലില്ലാത്ത വിനോദയാത്ര മാവേലിയില്ലാത്ത ഓണം പോലെയാണ്.ഒരു രസവുമുണ്ടാകില്ല.
രാഹുലിന്റെ പാട്ടുകള്‍ ഒന്നൊന്നായി വന്നു.എല്ലാവരും ഏറ്റുപാടി.പിന്നെ പാട്ടും ഡാന്‍സും.പൊടിപൂരം!

 നേരം ഇരുട്ടിയത് അറിഞ്ഞില്ല.ബസ്സ് ഒരിടത്ത് നിന്നു.ഭക്ഷണം കഴിക്കാനാണ്.ഞാന്‍ ഹോട്ടല്‍ പരതി.ഇല്ല.എങ്ങും ഇരുട്ടു മാത്രം.മുന്നില്‍ പണിപാതിയായ,വാഹനങ്ങള്‍ സഞ്ചരിക്കാത്ത ഒരു റോഡ്. ബസ്സിനു മുന്നില്‍ ഒരു മേശ പ്രത്യക്ഷപ്പെട്ടു.മേശപ്പുറത്ത് രണ്ടുപാത്രത്തിലായി  ചപ്പാത്തിയും ഗ്രീന്‍പീസും.ബസ്സിന്റെ ഹെഡ് ലൈറ്റില്‍ ഞങ്ങള്‍ അന്‍പത് കുട്ടികളും നിരനിരയായി റോഡില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്.'നിരാഹാര സത്യഗ്രഹ'ത്തിനുപകരം 'ആഹാര'സത്യഗ്രഹം.'സര്‍ക്കാരിന്റെ അതിക്രമം അവസാനിപ്പിക്കുക' എന്നു വിളിക്കാന്‍ തോന്നി.പക്ഷേ,ഭക്ഷണത്തിനു നല്ല രുചി.ഇത്തവണ നല്ല ഭക്ഷണമായിരിക്കുമെന്ന് സുരേന്ദ്രന്‍ മാഷ് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്.ഭക്ഷണം ഉണ്ടാക്കുന്നത് സജിയേട്ടനും മറ്റു രണ്ടുപേരും ചേര്‍ന്നാണ്.അവരുമുണ്ട് ഞങ്ങളോടൊപ്പം.ഹോട്ടല്‍ ഭക്ഷണത്തിനു വിട.നല്ലത്.വയറ് കേടാകില്ലല്ലോ...

 ബസ്സ് വീണ്ടും യാത്രയായി.ഇപ്പോള്‍ ഞങ്ങള്‍ കണ്ണൂര്‍ ജില്ലയിലാണ്.ഇപ്പോള്‍ ബസ്സിലെ സ്പീക്കറിലൂടെ സംഗീതം ഒഴുകിവരുന്നുണ്ട്.എല്ലാവരും ഉറങ്ങാനുള്ള പുറപ്പാടിലാണ്.നേര്‍ത്ത തണുപ്പുണ്ട്.അതുലിന്റെ ഷാള്‍ സീറ്റിലെ നാലുപേരും വീതിച്ചു.ഞാന്‍ രണ്ടുപേരുടെ സീറ്റിലേക്ക് ചാഞ്ഞു കിടന്നു.പക്ഷേ,നിദ്രാദേവി കടാക്ഷിക്കുന്നില്ല.എങ്ങനെ കടാക്ഷിക്കാന്‍?തൊട്ടു പുറകിലിരുന്ന് രശ്മിയും ഹരിതയും കലപില ശബ്ദമുണ്ടാക്കുന്നു.പലതവണ പറഞ്ഞു നോക്കി.കേള്‍ക്കണ്ടേ?
തണുപ്പ് കൂടിക്കൂടി വന്നു.പാതിരാത്രിയില്‍ എപ്പോഴോ ഉറങ്ങിപ്പോയി.

ഊട്ടിയെന്നാല്‍ തണുപ്പിന്റെ പര്യായം
ബസ്സ് നിന്നു.‍ഞെട്ടിയുണര്‍ന്നു.നല്ല തണുപ്പ്.ശരീരം കിടുകിടാ വിറയ്ക്കുന്നു."ഊട്ടിയെത്തി."ആരോ വിളിച്ചുപറഞ്ഞു.ഞാന്‍ വാച്ചുനോക്കി.സമയം  4  മണി.ഞങ്ങള്‍ ബാഗുമായി പുറത്തിറങ്ങി.കാലുകള്‍ മരവിച്ചതുപോലെ.ശരീരം അനങ്ങുന്നില്ല.കൊടും തണുപ്പ്.ഊട്ടിയെന്നു വച്ചാല്‍ തണുപ്പിന്റെ പര്യായം തന്നെ.ഇവിടെ ഇങ്ങനെയാണെങ്കില്‍ മഞ്ഞുമലകളില്‍ എന്താവും അവസ്ഥ?എവറസ്റ്റ് കയറിപ്പറ്റിയ ഹിലാരിയേയും ടെന്‍സിങ്ങിനേയും സമ്മതിക്കണം.സമുദ്രനിരപ്പില്‍ നിന്നും 1800അടിയോളം ഉയരത്തിലാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം.പിന്നെ എങ്ങനെ തണുപ്പില്ലാതിരിക്കും?
 ‍ഞങ്ങള്‍ റൂമിലെത്തി.വിശാലമായ രണ്ടുമുറികള്‍.നാലു കട്ടിലുകള്‍.ഞങ്ങള്‍ ആറുപേരാണ് ഒരുമുറിയില്‍.രണ്ടു മണിക്കൂര്‍ സമയം ഉറങ്ങാം.ആറരയ്ക്ക് പൈപ്പില്‍ ചൂടുവെള്ളം വരും. അപ്പോള്‍ എഴുന്നേറ്റു കുളിക്കണം.ഞങ്ങള്‍ കട്ടിലിലേക്കു മറിഞ്ഞു വീണു.കമ്പിളികൊണ്ട് പുതച്ചുമൂടി.എന്തു സുഖം!

കുളികഴിഞ്ഞ് മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ നല്ല വെളിച്ചം.പ്രതീക്ഷിച്ചതിലും മനോഹരമാണ് ഊട്ടി.ഹോട്ടലിനുമുന്നില്‍ നക്ഷത്രത്തിന്റെ രൂപത്തിലുള്ള ഒരു ഗാര്‍ഡന്‍.മനോഹരമായി വെട്ടിയൊതുക്കിയ പുല്‍ത്തകിട്.നാട്ടില്‍ കാണാത്ത ഭംഗിയുള്ള പൂക്കള്‍.റോസാപ്പൂക്കള്‍ക്ക് എന്തൊരു വലുപ്പം!
സജിയേട്ടനും കൂട്ടുകാരും ഇതിനകം ഇഡ്ഢലിയും സാമ്പാറും 
തയ്യാറാക്കിയിരിക്കുന്നു.നല്ല രുചിയുള്ള ഇഡ്ഢലിയും സാമ്പാറും!

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഒന്‍പത് മണിയോടുകൂടി ഞങ്ങള്‍ പുറപ്പെട്ടു.ഊട്ടിയിലൂടെ ബസ്സ് നീങ്ങി.ചുറ്റും മലനിരകള്‍.ഇടയില്‍ കാണപ്പെടുന്ന കെട്ടിടങ്ങള്‍.ആകാശം പോലെയാണ് പച്ചപ്പ്.മലകളെ തട്ടുതട്ടായി തിരിച്ചുള്ള പലതരം കൃഷികള്‍.കാബേജും കാരറ്റും തേയിലയുമാണ് കൂടുതല്‍.
ഹോട്ടലില്‍ നിന്നും കുറച്ച് ദൂരംമാത്രം അകലത്തുള്ള തേയില ഫാക്ടറിയിലാണ്
ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.ചായപ്പൊടിയുണ്ടാക്കുന്ന പഴയ യന്ത്രം പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.അത് ഇന്ന് ഉപയോഗത്തിലില്ല.അകത്ത് വലിയ യന്ത്രങ്ങള്‍.ഈ യന്ത്രങ്ങള്‍ തിരിഞ്ഞും മറിഞ്ഞും  ഫ്രഷ് തേയിലയെ ചായപ്പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.ചില യന്ത്രങ്ങള്‍ തേയിലയെ പച്ചനിറത്തിലുള്ള പൊടിയാക്കി മാറ്റുന്നു.ഒടുവില്‍ കിടത്തിവെച്ച വലിയ ഭരണിപോലുള്ള അറയില്‍ അതുപോയി വീഴുന്നു.അത് ഓക്സിജനുമായി കലര്‍ത്തി നാം കാണുന്ന നിറം അതിനു ലഭിക്കുന്നു.
അവിടെ നിന്നും ഫ്രീയായി ഹോംവുഡിന്റെ ഏലയ്ക്കയിട്ട സൂപ്പര്‍ ചായ കിട്ടി. ചായയ്ക്ക് ഇതു വരെ അറിയാത്ത രുചി!അതു കുടിച്ചപ്പോള്‍ നല്ല ഉന്മേഷം!ഹോംവുഡിന്റെ ഏലയ്ക്കാ മണമുള്ള അരക്കിലോ ചായപ്പൊടി അവിടെ നിന്നും വാങ്ങി. 130രൂപയാണ് വില. 
 
 ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
ഇപ്പോള്‍ തണുപ്പ് കഠിനമായി അനുഭവപ്പെടുന്നില്ല.ഒന്നുകില്‍ ഇവിടുത്തെ കാലാവസ്ഥയുമായി നാം ഇണങ്ങിയിരിക്കാം.അല്ലെങ്കില്‍ തണുപ്പിന് വീര്യം കുറഞ്ഞിരിക്കാം.
വൈവിധ്യമാര്‍ന്ന പലതരം സസ്യങ്ങളുടേയും പൂക്കളുടേയും ഒരു ഉദ്യാനം തന്നെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍.വന്‍മരങ്ങളില്‍ കാലിഫോര്‍ണിയ സെക്ക്വോയ,സൈപ്രസ്,യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങളെ ഞാനവിടെ കണ്ടു.യൂക്കാലിപ്റ്റസ് ജലദോഷം മാറാന്‍ നല്ലതാണത്രെ.ഇതിന്റെ ഇലകളുടെ സത്ത് എടുത്താണ് വിക്സ്,ടൈഗര്‍ബാം തുടങ്ങിയ മരുന്നുകള്‍ ഉണ്ടാക്കുന്നത്.

 പിന്നീട് ഞങ്ങള്‍ ഒരു ഹരിതഗൃഹത്തിലേക്ക് പ്രവേശിച്ചു. ഹരിതഗൃഹത്തെപ്പറ്റി പറയേണ്ടതുണ്ടോ?അന്തരീക്ഷത്തിലെ താപം ഇതിനകത്ത് സംരക്ഷിക്കുവാന്‍ സാധിക്കും.അകത്ത് നിറയെ പന്നല്‍ച്ചെടികളാണ്.നമ്മുടെ നാട്ടില്‍ ഉള്ളതും ഇല്ലാത്തതുമായ വിവിധ തരം പന്നല്‍ച്ചെടികള്‍.തൊട്ടടുത്ത് മറ്റൊരു ചില്ലുകൂട്ടിനുള്ളില്‍ വ്യസ്തതരം പൂക്കളും സസ്യങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
ഇവിടെവച്ച് രണ്ടു വിദേശികളെ പരിചയപ്പെട്ടു.കനേഡിയക്കാരി ക്യൂറിയും അവരുടെ സഹോദരി ഷാര്‍ലെറ്റും.അവര്‍ ഞങ്ങളുടെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.കുറച്ചു സമയം അവരുമായി ഇംഗ്ലീഷില്‍ സംസാരിച്ചു.

അതി വിശാലമാണ് ഈ ഗാര്‍ഡന്‍.ഇരുപത് മില്ല്യണ്‍ വര്‍ഷത്തെ പഴക്കമുള്ള ഒരു ഫോസില്‍ മരത്തന്റെ തടി അവിടെ സംരക്ഷിച്ചിരിക്കുന്നതു കണ്ടു.ഞങ്ങള്‍ ആ ഉദ്യാനത്തിലെ പുല്‍ത്തകിടില്‍ വിശ്രമിച്ചു.അങ്ങനെ വിശ്രമിക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നു ചിന്തിച്ചു.കണ്ണെത്താദൂരത്തോളം മരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.അതിനുള്ളില്‍ അനുഭവപ്പെടുന്ന നേര്‍ത്ത തണുപ്പ്.ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റ്.1848ലാണ് ഈ ഉദ്യാനത്തിന്റെ പണി ആരംഭിച്ചത്.ഇതിനു പിന്നില്‍ ഒരു പാടു പേരുടെ ത്യാഗമുണ്ട്.ഞാന്‍ നിശബ്ദം അവരോട് നന്ദി പറഞ്ഞു.നാം ഏതു സുഖം അനുഭവിക്കുമ്പോഴും അതിനു പിന്നില്‍ കഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുന്നില്ല.

ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും നാം ഇറങ്ങിയത് ഊട്ടി ടൗണിലേക്കായിരുന്നു.വൃത്തിഹീനമായ ചെറിയ പട്ടണം.ഇവിടെ ഷോപ്പിങ്ങ് നടത്താന്‍ അല്പസമയം അനുവദിച്ചു.സാധനങ്ങള്‍ക്കൊക്കെ തീ വിലയാണ്.പലരും നല്ല വിലകൊടുത്ത് പലതരത്തിലുള്ള സാധനങ്ങള്‍ വാങ്ങി.എന്റെ പര്‍ച്ചേസ് ഒരു കീച്ചെയ്നില്‍ ഒതുക്കി. അതുമതി.

പിന്നീട് പോയത് ഊട്ടി തടാകത്തിലേക്കായിരുന്നു.ഭംഗിയുള്ള തടാകം.തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ആഗ്രഹിച്ചിരുന്നു.പക്ഷേ,അവസാന നിമിഷം ഒഴിവാക്കി.അന്‍പത് കുട്ടികളേയും കൊണ്ടുള്ള യാത്ര അത്ര സുരക്ഷിതമല്ലെന്ന് അധ്യാപകര്‍ക്ക് തോന്നിയിരിക്കണം.പകരം കാര്‍ റേസ് നടത്തി.നല്ല രസമുണ്ടായിരുന്നു കാര്‍ ഓടിക്കാന്‍.ഞാനും ഋതുവും ഒരു ടീമായിരുന്നു.ഞാന്‍ ആക്സിലേറ്റര്‍ ചവിട്ടി.ഋതു സ്റ്റിയറിങ്ങ് നിയന്ത്രിച്ചു.

ഷൂട്ടിങ്ങ് പോയന്റ്
വൈകുന്നേരമാണ് ഞങ്ങള്‍ ഷൂട്ടിങ്ങ് പോയന്റില്‍ എത്തിയത്.നേര്‍ത്ത സൂര്യപ്രകാശമുണ്ട്.വലിയ കുന്നുകള്‍.ചുറ്റും അതിരിടുന്ന സഹ്യപര്‍വ്വത നിരകള്‍.
എത്ര മനോഹരം ഈ കാഴ്ച!പ്രകൃതിക്കു മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് തോന്നും ഈ കാഴ്ച കണ്ടാല്‍.കിലുക്കം,കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായിരുന്നുപോലും ഈ സ്ഥലം.
ഞങ്ങള്‍ കുന്നുകളില്‍ നിന്നും കുന്നുകളിലേക്ക് ഓടി.ഉച്ചത്തില്‍ കൂവി.ആര്‍ത്തു വിളിച്ചു.ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് അന്ധാളിച്ച് നിന്നു.നേര്‍ത്ത ചാറ്റല്‍ മഴ കാരണം വേഗം തിരികെ പോരേണ്ടി വന്നു.അവിടെ നിന്നും ചായയും ബിസ്ക്കറ്റും കഴിച്ചു.ഇനി യാത്ര വയനാട്ടിലേക്കാണ്.ഊട്ടിയോട് വിട.മനസ്സില്‍ എന്നെന്നും ഓര്‍ത്തുവയ്ക്കും നിന്റെ തണുപ്പും സൗന്ദര്യവും.


(വയനാട്ടിലെ കാഴ്ചകളെപ്പറ്റി അടുത്ത ലക്കത്തില്‍ രാഹുല്‍ രവീന്ദ്രന്‍ എഴുതുന്നു.)







No comments:

Post a Comment