ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday 17 April 2014

കുഞ്ഞാമു ഉണ്ടാക്കിയ ഇരട്ടത്തോണി

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....2



എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി.ക്ലാസുമുറിയില്‍ ഇരുട്ട് വ്യാപിച്ചു.പെട്ടെന്ന് ഒരു ഇടിവെട്ടി. കൂടെ മഴയും.കുട്ടികള്‍ ജനാലയ്ക്കരികില്‍ കൂട്ടംകൂടി  മഴയെ നോക്കിനിന്നു.ജനാലയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരത് കേട്ടില്ല.

ഇപ്പോള്‍ ദൂരെ കുന്നുകളോ മലകളോ മരങ്ങളോ കാണാനില്ല.സ്ക്കൂളിനെചുറ്റി,വെള്ളി നൂലുകൊണ്ട് നെയ്തെടുത്ത മഴയുടെ വല.


മഴ മഴ മഴ മാനത്തുന്നൊരു
പുതുമഴ കുളിര്‍മഴ പവിഴമഴ
…..................................
മഴയുടെ താളത്തിനും ശബ്ദത്തിനും ഒപ്പിച്ച് കുട്ടികള്‍ മഴപ്പാട്ടുകള്‍ പാടാന്‍ തുടങ്ങി.അവരുടെ പാട്ടിനും ബഹളത്തിനുമിടയില്‍ എന്റെ ദുര്‍ബലമായ ശബ്ദം മുങ്ങിപ്പോയി.ഞാന്‍ നിസ്സഹായനായി വെറുതെ കുട്ടികളെയും നോക്കിനിന്നു.മഴ ശമിക്കട്ടെ; എന്നിട്ടാവാം ക്ലാസ്.

"മാശെ,ഞമ്മക്ക് തോണീണ്ടാക്കാ.എന്നിറ്റ് ദാ ആ ചാലില് കൊണ്ടോയി ഒയ്ക്കാ.."മൈമൂന പറഞ്ഞു.

സ്ക്കൂളിനെ ചുറ്റിവരിഞ്ഞ് കുന്നിനപ്പുറത്തേക്ക് ഒഴുകി മറയുന്ന ചാലിനെ ഞാന്‍ നോക്കി.വേനല്‍ക്കാലത്ത് അത് വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു.ഇപ്പോള്‍ അതില്‍ പതഞ്ഞൊഴുകുന്ന വെള്ളം.

മൈമുനയുടെ സൂത്രം എനിക്കു മനസ്സിലായി. അവള്‍ക്ക് എങ്ങനെയെങ്കിലും മഴയത്തിറങ്ങണം.
അതു നടക്കട്ടെയെന്നു ഞാനും കരുതി.നിറമുള്ള
 കുറേ ഒറിഗാമിക്കടലാസുകള്‍ കൊണ്ടുവന്നു.
കുട്ടികള്‍ക്ക് സന്തോഷമായി.അവര്‍ തോണി നിര്‍മ്മാണത്തില്‍ വ്യാപൃതരായി.നിമിഷങ്ങള്‍ക്കകം ക്ലാസില്‍ നിറയെ തോണികളുണ്ടായി.വിവിധ വര്‍ണ്ണങ്ങളിലുള്ള തോണികള്‍.ഓരോരുത്തരും തങ്ങളുണ്ടാക്കിയ തോണികള്‍ മറ്റുള്ളവരെ കാണിക്കുന്നു.അതിന്റെ ഭംഗി ആസ്വദിക്കുന്നു.
ഞാന്‍ കുഞ്ഞാമുവിനെ നോക്കി.ക്ലാസിലെ തോണി നിര്‍മ്മാണം അവനെ ബാധിച്ചിട്ടേയില്ല.നിറമുള്ള കടലാസോ തോണികളോ ഒന്നും അവന്‍ കാണുന്നുണ്ടായിരുന്നില്ല. ചുമരില്‍ചാരി ഏതോ ദിവാസ്വപ്നത്തില്‍ മുഴുകിയിരിപ്പാണ് അവന്‍.

"കുഞ്ഞാമു..” ഞാന്‍ വിളിച്ചു.
അവനെന്നെ തുറിച്ച് നോക്കി.
നീല നിറമുള്ള ഒരു കടലാസ് ഞാന്‍ അവനുനേരെ നീട്ടി.
പക്ഷേ, അവന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല.
"കുഞ്ഞാമുവിന് തോണീണ്ടാക്കാനറിയില്ലെ?”
അവന്‍ അറിയാമെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
"എങ്കിലിതു വാങ്ങി ഒരു നല്ല തോണീണ്ടാക്കൂ.”

അവന്‍ മനസ്സില്ലാമനസ്സോടെ കടലാസു വാങ്ങി.കുറച്ചുനേരം കടലാസില്‍ തന്നെ നോക്കിയിരുന്നു.പിന്നീട് എന്തോ ആലോചിച്ചുറപ്പിച്ച് കടലാസ് മടക്കാന്‍ തുടങ്ങി.
 
അവന്റെ നീണ്ടു മെലിഞ്ഞ കൈവിരലുകള്‍ക്കിടയില്‍നിന്നും നിമിഷങ്ങള്‍ക്കകം ഒരു തോണി രൂപം കൊണ്ടു.മറ്റു കുട്ടികള്‍ ഉണ്ടാക്കിയതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്.ഭംഗിയുള്ള ഒരു ഇരട്ടത്തോണി.

ഇതെന്തു വിദ്യ?കുട്ടികള്‍ അത്ഭുതത്തോടെ കുഞ്ഞാമുവിന് ചുറ്റും കൂടി.അവര്‍ തങ്ങളുണ്ടാക്കിയ തോണിയിലേക്കും കുഞ്ഞാമുവിന്റെ ഇരട്ടത്തോണിയിലേക്കും മാറിമാറി നോക്കി.

"നിങ്ങളുണ്ടാക്കിയതു പോലെയാണോ ഇത്?”
കുഞ്ഞാമു ഉണ്ടാക്കിയ തോണി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"അല്ല..” കുട്ടികള്‍ ഒരുമിച്ച് വിളിച്ചു പറഞ്ഞു.

ഇങ്ങനെയൊരു തോണി അവര്‍ ആദ്യമായി കാണുകയായിരുന്നു.അതിന്റെ നിര്‍മ്മാണരീതി പഠിച്ചെടുത്താല്‍ കൊള്ളാമെന്നുണ്ട് അവര്‍ക്ക്.
"അതെങ്ങനെയുണ്ടാക്കാന്ന് കുഞ്ഞാമു ഞങ്ങക്ക് കാണിച്ച് തര്വോ?”
അനഘ ചോദിച്ചു.

ഇരട്ട വഞ്ചിയുണ്ടാക്കുന്ന രീതി വിശദീകരിച്ചു കൊടുക്കാന്‍  കുഞ്ഞാമുവിനെ ബോര്‍ഡിനരുകിലേക്കു ക്ഷണിച്ചുവെങ്കിലും അവന്‍ വന്നില്ല.പകരം അവന്റെ ഇരിപ്പിടത്തില്‍തന്നെയിരുന്ന്  ഒന്നുകൂടി നിര്‍മ്മിച്ചു.നിര്‍മ്മാണരീതി കാണാന്‍ കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി.ചിലര്‍ പെട്ടെന്ന് ഗ്രഹിച്ചെടുത്തു.മറ്റുചിലര്‍ക്ക് ഒന്നും മനസ്സിലായതുമില്ല.

കുഞ്ഞാമു ഇപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്നു.അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ ഒരു സ്ഫുരണം മിന്നിമറയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്കറിയാത്തത് ചിലതൊക്കെ എനിക്കുമറിയാം എന്നതായിരുന്നു അപ്പോഴവന്റെ ഭാവം.


പുറത്ത് മഴ ശമിച്ചിരിക്കുന്നു. നേര്‍ത്ത,സുഖകരമായ കാറ്റ് ജനാലയിലൂടെ കടന്നു വന്നു.
കൈകളില്‍ കടലാസുവഞ്ചികളുമായി കുട്ടികള്‍ ഓരോരുത്തരായി പുറത്തിറങ്ങി.സ്ക്കൂളിനെചുറ്റി കുന്നുകള്‍ക്കിടയിലൂടെ ഓടിമറയുന്ന അരുവിയിലേക്ക് തങ്ങളുടെ വഞ്ചികള്‍ ഒഴുക്കി വിടാനുള്ള തയ്യാറെടുപ്പിലാണവര്‍.
            ഒഴുകട്ടങ്ങനെയൊഴുകട്ടെ
            ഞങ്ങളെ കുഞ്ഞന്‍ വഞ്ചി
             തോടുനീന്തി പുഴനീന്തി
              കടലില്‍ ചെന്നുചേരട്ടെ
                   …............................
 
"മാശെ,ഈ തോണി ഒയ്കി ഇന്നെന്നെ കടലിലെത്ത്വോ?”
അനീസ ചോദിച്ചു.
"ആവോ എനിക്കറിയില്ല.” ഞാന്‍ കൈ മലര്‍ത്തി.

"ഇടീം മയീം നല്ലോണം പെയ്യണം.അപ്പോ ബെള്ളം ബേഗത്തില് ഒയ്കും.എന്നാല് തോണി ബൈകീറ്റാവുമ്പം കടലിലെത്തും.”
ഷാഹുല്‍ പറഞ്ഞു.

"കടലീന്ന് പിന്നെ ഏട്ക്കാ പോവ്വാ?” റസീന ചോദിച്ചു.

"കടലിനക്കരെ....അങ്ങ് ദുബായ്ക്ക്.."അനഘ പറഞ്ഞു.

"അള്ളാ നേരാ..?” റസീന അത്ഭുതത്തോടെ ചോദിച്ചു."അപ്പൊ ദുബായിലുള്ള ന്റെ ഉപ്പാക്ക് ഇത് കിട്ടൂലോ.”

അവള്‍ പെട്ടെന്നുതന്നെ പേനയെടുത്ത് വഞ്ചിയുടെ പുറത്തെഴുതി.

 
'എന്റെ പ്രിയപ്പെട്ട ഉപ്പാക്ക്,
ഒരായിരം മുത്തം......
ഉപ്പാന്റെ സ്വന്തം റസീന.'
 
യൂനുസ് എഴുതിയത് ദുബായിലുള്ള മാമനോടുള്ള ഒരഭ്യര്‍ത്ഥനയായിരുന്നു.

'മാമന്‍ വരുമ്പോള്‍ എനക്ക് സ്കെച്ച് പേന കൊണ്ടരണം.'

ഞാന്‍ ഷാനിബയെ നോക്കി.അവള്‍ പേനയും പിടിച്ച് എന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയാണ്.

"ഷാനിബാന്റെ ഉപ്പ ദുബായിലല്ലേ?എന്താ ഒന്നും എഴുതുന്നില്ലേ?”


അവളുടെ മുഖം വാടി. അവള്‍ ഒന്നും മിണ്ടിയില്ല.


"മാശെ, ഓളെ ഉപ്പ ആട ജയിലിലാന്ന്."


സ്വാതി എന്റെ ചെവിയില്‍ പറഞ്ഞു.
പിന്നീട് ഞാനവളോട് ഒന്നും ചോദിച്ചില്ല.
 
കുട്ടികള്‍ വഞ്ചികള്‍ തോട്ടിലൊഴുക്കി.ഓളങ്ങളിലൂടെ പൊങ്ങിയും താണും നീങ്ങുന്ന വഞ്ചികളെ അനുഗമിച്ചുകൊണ്ട് അവര്‍ കരയിലൂടെ കുറേ ദൂരം നടന്നു.വഞ്ചികള്‍ ഒന്നൊന്നായി മുങ്ങിത്താണു.
 
കുഞ്ഞാമുവിന്റെ ഇരട്ടത്തോണി കുതിച്ചുപാഞ്ഞു.എല്ലാത്തിനെയും പിന്നിലാക്കിക്കൊണ്ട്.

കുട്ടികള്‍ ആ നീലത്തോണിക്കു പിന്നാലെ കരയിലൂടെ ഓടി.ഒപ്പം കുഞ്ഞാമുവും.അങ്ങ് കുന്നുകള്‍ക്കിടയില്‍ ഒരു നീലപ്പൊട്ടായി മറയുന്നതുവരെ കുട്ടികള്‍ അതു നോക്കിനിന്നു.


ഞാന്‍ കുഞ്ഞാമുവിനെ നോക്കി.അവന്റെ മുഖത്ത്  ഒരു ചിരി വിരിയുന്നു.നല്ല ഭംഗിയുള്ള ചിരി.
(തുടരും...)





6 comments:

  1. നീ എഴുത്തിലേക്ക്‌ വീണ്ടും വന്നതില്‍ സന്തോഷം .. സൂപ്പര്‍.... അടുത്ത ഭാഗം വരട്ടെ...

    ReplyDelete
  2. Good post and good sketches. Interesting reading.

    ReplyDelete
  3. "കുഞ്ഞാമു ഇപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്നു.അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ ഒരു സ്ഫുരണം മിന്നിമറയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്കറിയാത്തത് ചിലതൊക്കെ എനിക്കുമറിയാം എന്നതായിരുന്നു അപ്പോഴവന്റെ ഭാവം." കുഞ്ഞാമുമാര്‍ എല്ലാ ക്ലാസ്സിലും എല്ലാ കാലത്തും ഉണ്ടാവും .പക്ഷെ ഇങ്ങനെയുള്ള അഭിമാന മുഹൂര്‍ത്തങ്ങള്‍ എത്ര എണ്ണം ഓരോരുത്തര്‍ക്കും ഉണ്ടാക്കിക്കൊടുക്കും എന്നതില്‍ ആണ് അദ്ധ്യാപനത്തിന്റെ വിജയം.

    ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  4. "കുഞ്ഞാമു ഇപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്നു.അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ ഒരു സ്ഫുരണം മിന്നിമറയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്കറിയാത്തത് ചിലതൊക്കെ എനിക്കുമറിയാം എന്നതായിരുന്നു അപ്പോഴവന്റെ ഭാവം." കുഞ്ഞാമുമാര്‍ എല്ലാ ക്ലാസ്സിലും എല്ലാ കാലത്തും ഉണ്ടാവും .പക്ഷെ ഇങ്ങനെയുള്ള അഭിമാന മുഹൂര്‍ത്തങ്ങള്‍ എത്ര എണ്ണം ഓരോരുത്തര്‍ക്കും ഉണ്ടാക്കിക്കൊടുക്കും എന്നതില്‍ ആണ് അദ്ധ്യാപനത്തിന്റെ വിജയം.

    ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete