ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday 11 April 2014

പ്രസംഗം വന്ന വഴി

ആറാം ക്ലാസിലെ കാര്‍ത്തിക സ്വാഗതപ്രസംഗം നടത്തുകയാണ്.നല്ല തഴക്കം വന്ന പ്രാസംഗികയുടെ മട്ടും ഭാവവും.അളന്നു തൂക്കിയ വാക്കുകള്‍.നല്ല ഉച്ചാരണശുദ്ധി.സദസ്സ് ചെവികൂര്‍പ്പിച്ചിരിക്കുകയാണ്.

ഈ കൊച്ചുപ്രാസംഗിക ആരെയാണ് സ്വാഗതംചെയ്യുന്നതെന്നറിയാമോ?
 രണ്ടു വിശിഷ്ട വ്യക്തികളെയാണ്.അവര്‍ രണ്ടു പേരും സ്റ്റേജില്‍ ഉപവിഷ്ടരാണ്.ഡോ.വി പി ഗംഗാധരനും സിസ്റ്റര്‍ ഐഡയും.ആതുര സേവനരംഗത്ത് തങ്ങളുടെ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രശസ്തരായ വ്യക്തികള്‍. 


ദൃശ്യയാണ് ഡോക്ടര്‍.അവള്‍ സ്വതവേ ഒരു ചിരിക്കുടുക്കയാണ്.ഡോക്ടറായപ്പോള്‍ അവള്‍ക്ക് ഗൗരവം കൂടി. സ്വാതിയാണ് സിസ്റ്റര്‍ ഐഡ.അവള്‍ ഒരു ഗൗരവക്കാരിയാണ്.സ്റ്റേജിലെത്തിയപ്പോള്‍ അവളുടെ മുഖത്ത് നല്ല ചിരി.ഇവരെ അനുമോദിക്കുന്ന ചടങ്ങാണ് വേദിയില്‍ നടക്കുന്നത്.

ആശംസാപ്രാസംഗികരായി അഞ്ചാറുപേര്‍ വേറെയുമുണ്ട്.സ്ഥലത്തെ പ്രധാന വ്യക്തികള്‍-പഞ്ചായത്ത് പ്രസിഡണ്ട്,എംഎല്‍എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍....

വിദ്യാലയ മികവുത്സവത്തിലെ ഒരു അവതരണമായിരുന്നു ഇത്.ആറാം ക്ലാസില്‍ ഭാഷ പഠിപ്പിക്കുന്ന ഗംഗാധരന്‍ മാഷായിരുന്നു ഈ പ്രവര്‍ത്തനം അവതരിപ്പിച്ചത്..

ആറാം ക്ലാസ് കേരളപാഠാവലിയിലെ  'പ്രകാശഗോപുരങ്ങള്‍' എന്ന യൂനിറ്റിലെ 'സാന്ത്വന സ്പര്‍ശം' എന്ന പാഠഭാഗമാണ് ഇതിനായി തെരഞ്ഞെടുത്തത്.രോഗികളായ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോ.വി.പി. ഗംഗാധരന്‍,സിസ്റ്റര്‍ ഐഡ എന്നിവരുടെ ചികിത്സാനുഭവമാണ് പാഠഭാഗത്തില്‍.ഇവരെ അനുമോദിക്കുന്ന ചടങ്ങാണ് വേദിയില്‍ അവതരിപ്പിച്ചത്.

 കുട്ടികളുടെ പ്രകടനം അവിടെ കൂടിയ രക്ഷിതാക്കളെയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി.കുട്ടികള്‍ പ്രസംഗകല വശത്താക്കിയിരിക്കുന്നു. ഇതെങ്ങനെ സാധ്യമായി?

അതിന് ഗംഗാധരന്‍ മാഷ് ക്ലാസുമുറിയില്‍ കൊടുത്ത പ്രവര്‍ത്തനം വിശകലനം ചെയ്യണം.
എന്തൊക്കെയായിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം?


  • പ്രസംഗത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്  പ്രസംഗം എഴുതിതയ്യാറാക്കുക.

  • പ്രസംഗം എങ്ങനെ ആര്‍ഷകമാക്കാം എന്ന ധാരണ കൈവരിക്കുക.
  • സഭാകമ്പമില്ലാതെ പ്രസംഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക

പ്രസംഗം തയ്യാറാക്കണമെങ്കില്‍ ആദ്യം വേണ്ടത് വിഷയവുമായി ബന്ധപ്പെട്ട ആശയമാണ്.ആശയരൂപീകരണത്തിനായി കുട്ടികള്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്തത്?

ചികിത്സാരംഗത്തെ മൂല്യച്ചുതി,കച്ചവടവത്ക്കരണം എന്നിവയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ വിശകലനത്തില്‍ നിന്നാണ് തുടക്കം.പിന്നീട് ഡോക്ടര്‍മാരുടെയും നേഴ്സ്മാരുടെയും കൈപ്പുണ്യവുമായി ബന്ധപ്പെട്ട വായനാക്കുറിപ്പുകള്‍ കുട്ടികള്‍ വായിച്ചു.അതുമായി ബന്ധപ്പെട്ട ചര്‍ച്ച സ്വാഭാവികമായും കുട്ടികളുടെ ചികിത്സാനുഭവം പങ്കുവയ്ക്കുന്നതിലാണ് അവസാനിച്ചത്.

പാഠഭാഗത്തു നല്‍കിയ 'സാന്ത്വന സ്പര്‍ശം' വ്യക്തിഗതമായി വായിച്ചു.
ഡോ.വി.പി.ഗംഗാധരന്റെയും സിസ്റ്റര്‍ ഐഡയുടെയും പ്രവര്‍ത്തന മാതൃകകള്‍ അംഗീകരിക്കപ്പെടേണ്ടതല്ലേ?ഇരുവരുടെയും പ്രവര്‍ത്തന മഹിമകള്‍ എന്തൊക്കെയാണ്?എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള ചര്‍ച്ച അവരെ അനുമോദിക്കാനുള്ള തീരുമാനത്തിലേക്ക് കുട്ടികളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്തത്.


ഇനി അനുമോദന പ്രസംഗം തയ്യാറാക്കുകയാണ് വേണ്ടത്.പ്രസംഗം തയ്യാറാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കുട്ടികള്‍ ഇതിനകം ശേഖരിച്ചു കഴിഞ്ഞു.ആദ്യം വ്യക്തിഗതമായി കുട്ടികള്‍ പ്രസംഗം തയ്യാറാക്കി.തയ്യാറാക്കിയ പ്രസംഗങ്ങളില്‍ ചിലത് അവതരിപ്പിച്ചു.അവയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്തു.ചര്‍ച്ച പ്രധാനമായും പ്രസംഗത്തിലെ ആശയവുമായി ബന്ധപ്പെട്ടായിരുന്നു.
ഇനി പ്രസംഗത്തിന്റെ മറ്റു പ്രത്യേകതകളിലേക്ക് കുട്ടികളുടെ ശ്രദ്ധകൊണ്ടുവരണം.
അതിനുവേണ്ടി മാഷ് എന്തുചെയ്തുവെന്ന് നോക്കാം


എഴുതി തയ്യാറാക്കിയ പ്രസംഗത്തിന്റെ രണ്ടു മാതൃകകള്‍ ഗ്രൂപ്പില്‍ വിശകലനം ചെയ്യാനായി കുട്ടികള്‍ക്കു നല്‍കി.ഓരോ ഗ്രൂപ്പും പ്രസംഗം വിശലനം ചെയ്ത് അതിന്റെ പ്രത്യേകതകള്‍ കണ്ടെത്തി. പ്രത്യേകതകള്‍ ചാര്‍ട്ടില്‍ എഴുതിയിട്ടു. 

ഈ പ്രത്യേകതകളുടെ വെളിച്ചത്തില്‍ നേരത്തേയെഴുതിയ പ്രസംഗം    മെച്ചപ്പെടുത്തിയെഴുതലായിരുന്നു അടുത്ത പ്രവര്‍ത്തനം.അതിലെ ആശയം,പ്രസംഗത്തിന്റെ തുടക്കം,ഒടുക്കം,ഭാഷാപരമായ പ്രത്യേകതകള്‍ എന്നിവ പരിഗണിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെയെഴുത്ത്.

 എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി കുട്ടികള്‍ വീണ്ടും ഗ്രൂപ്പിലേക്കുപോയി.ഗ്രൂപ്പില്‍ അവര്‍ പ്രസംഗം പരസ്പരം കൈമാറി വായിച്ചു.നേരത്തെ ചാര്‍ട്ടില്‍ എഴുതിയിട്ട പ്രത്യേകതകളുമായി അതിനെ തട്ടിച്ചു നോക്കി.ആവശ്യമായ മാറ്റം നിര്‍ദ്ദേശിച്ചു.ഒരിക്കല്‍കൂടി മെച്ചപ്പെടുത്തിയെഴുതി.

 അടുത്തത് നോട്ടീസ് തയ്യാറാക്കലാണ്.
 അനുമോദനച്ചടങ്ങിലേക്ക് ക്ഷണിക്കേണ്ട അതിഥികള്‍ ആരൊക്കെയായിരിക്കണം?ഗ്രൂപ്പില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നു.സ്ഥലം,സമയം എന്നിവ ഓരോ ഗ്രൂപ്പിന്റെയും ഭാവനയ്കനുസരിച്ച്.ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചുകൊണ്ട് ഗ്രൂപ്പുകള്‍ നോട്ടീസ് തയ്യാറാക്കുന്നു.


 ഇനിയാണ് അനുമോദനച്ചടങ്ങ്.ഗ്രൂപ്പുകള്‍ കൂടിയിരുന്ന് ഓരോരുത്തരുടെയും റോളുകള്‍ നിശ്ചയിക്കുന്നു.ചടങ്ങിന് ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിക്കുന്നു.ഷാളുകള്‍, ഉപഹാരം തുടങ്ങിയവ.
ഓരോ ഗ്രൂപ്പും അവര്‍ ആസൂത്രണം ചെയ്തതനുസരിച്ച് അനുമോദനച്ചടങ്ങ് നടത്തുന്നു.ഓരോ ഗ്രൂപ്പിന്റെയും അവതരണത്തിനുശേഷം മറ്റു ഗ്രൂപ്പുകള്‍ അതിന്റെ മേന്മകളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നു.



പ്രസംഗം എന്നു കേട്ടാല്‍ സ്വതവേ കുട്ടികള്‍ക്കു പേടിയാണ്.പ്രസംഗിക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ ഓടിയൊളിക്കും.പക്ഷേ, ഈ ആറാം ക്ലാസുകാരോട് നിങ്ങള്‍ പ്രസംഗിക്കാന്‍ പറഞ്ഞുനോക്കൂ.അപ്പോള്‍ അവര്‍ ചോദിക്കും.
"ഏതു വിഷയം?"
വിഷയം നല്‍കിയാല്‍ അവര്‍ പറയും.
"ആലോചിക്കാന്‍ കുറച്ചുസമയം തരണേ.”


കുട്ടികളെ പ്രസംഗിക്കാന്‍ പ്രത്യേകം പഠിപ്പിക്കേണ്ടതില്ലെന്ന് ഈ പ്രവര്‍ത്തനം നമ്മെ ബോധ്യപ്പെടുത്തുന്നു.  പ്രസംഗം ആവശ്യമായിവരുന്ന സ്വാഭാവിക സന്ദര്‍ഭങ്ങള്‍ ക്ലാസുമുറിയില്‍ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.സന്ദര്‍ഭങ്ങള്‍ യഥാതഥമോ സാങ്കല്‍പ്പികമോ  ആകാം.(ആദ്യഘട്ടത്തില്‍ സാങ്കല്‍പ്പികമാകുന്നതാണ് നല്ലത്) എന്തായാലും  പ്രസംഗകല അനായാസം സ്വായത്തമാക്കുന്നതിലേക്കായിരിക്കും ഇതു കുട്ടികളെ നയിക്കുക.


2 comments:

  1. Congrats Mr. Ganghadharan and your students. It's this dedication, spending time with students, working along with them, providing opportunities to read, write, think and look at the world that makes the difference but not the curriculum change, government's increasing expenditure in education and the innumerable meetings and melas. How government schools provide quality education is an area which was not explored in this manner. Now-a-days, PRISM model is the one everybody looks for but that tries to imitate 'public schools'. Kepp up with your vision, all the best.

    ReplyDelete
  2. പ്രസംഗത്തിന്റെ സ്വഭാവം അനുസരിച്ച് പ്രശ്ന വിശകലനവും, പ്രശ്നത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ കൂടി നോക്കി പ്രാസംഗികയുടെ നിലപാട് ബോധ്യപ്പെടുത്തലും, പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും ,ഒക്കെ പരസ്പര ബന്ധത്തോടെയും ഒഴുക്കോടെയും പറയാന്‍ പറ്റിയാല്‍ നല്ലൊരു പ്രസംഗം ആയി .കേള്‍വിക്കാര്‍ ചെവി കൂര്‍പ്പിച്ച് കേള്‍ക്കണമെങ്കില്‍ ,അവതരണവുമായി ബന്ധപ്പെട്ട ചില സൂചകങ്ങള്‍ കൂടി പരിചയപ്പെടുത്തിയാല്‍ നന്നാവും എന്ന് തോന്നുന്നു പ്രസംഗം എന്ന കലയെ കൂടുതല്‍ വഴക്കി എടുക്കാന്‍ നല്ല ചില പ്രസംഗങ്ങളുടെ റെക്കോര്‍ഡ്‌ കേള്‍പ്പിച്ച് വിശകലനം ചെയ്യുകയും ആവാം . തനത് ശൈലി വളരട്ടെ .എന്തായാലും ക്ലാസ്സില്‍ നടപ്പാക്കിയ പ്രസംഗത്തിന്റെ സൂക്ഷ്മ പ്രക്രിയ ഫലപ്രദമാണ് .രണ്ട് പ്രസംഗങ്ങള്‍ കാണിച്ച് വിശകലനം ചെയ്തത് ഇഷപ്പെട്ടു .ഉചിതമായ സമയത്ത് മാതൃക കാണിക്കുന്നത് മെച്ചപ്പെടാന്‍ സഹായിക്കും എന്ന് ഉറപ്പുണ്ട്.ഗംഗാധരന്‍ മാഷിന് അഭിനന്ദനങ്ങള്‍ !!!

    ReplyDelete