ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday 12 February 2014

കുട്ടികള്‍ ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നു... II


ഗോപാലേട്ടന്‍ വലിയൊരുപ്രതിസന്ധിയില്‍അകപ്പെട്ടിരിക്കുകയാണ്.പണയത്തിലായ വീട് ജപ്തിചെയ്യാന്‍ നോട്ടീസ് വന്നിരിക്കുന്നു.അദ്ദേഹം ആത്മഹത്യയെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

താഴ്ന്ന ഇടത്തരം കുടുംബങ്ങള്‍ അനുഭവിക്കന്ന പ്രതിസന്ധി വിശകലനം ചെയ്യുന്നതിന്നും സ്വന്തം പ്രദേശത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി സര്‍വ്വേയയിലൂടെ കണ്ടെത്തി സാമ്പത്തിക സ്ഥിതി വിദ്യാഭ്യാസവും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആശയം രൂപികരിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പാഠഭാഗം.
 
കുട്ടികള്‍ രണ്ടുപേര്‍വീതമുള്ള ഗ്രൂപ്പുതിരിഞ്ഞ് നില്‍ക്കുന്നു.രണ്ടുപേരില്‍ ഒരാള്‍ ഫോട്ടോഗ്രാഫര്‍,മറ്റെആള്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നയാള്‍.അത് ആരൊക്കെയെന്ന് കുട്ടികള്‍ തന്നെ നിശ്ചയിക്കുന്നു.‌ഞാന്‍ വിഷയം നല്‍കുന്നു.
രാവിലെ കഞ്ഞികുടിക്കുന്ന ഗോപാലേട്ടന്‍
ഓരോ ഗ്രൂപ്പിലെയും ഒരു കുട്ടി കഞ്ഞികുടിക്കുന്ന ഗോപാലേട്ടനായി ഫ്രീസ് ചെയ്യുന്നു.മറ്റെ കുട്ടി ഫോട്ടോ എടുക്കുന്ന ആളായി അഭിനയിക്കുന്നു.
ഭാര്യയോട് യാത്ര പറയുന്ന ഗോപാലേട്ടന്‍
വയലില്‍ പണിയെടുക്കുന്ന ഗോപാലേട്ടന്‍....
..........................................................
വിഷയം മാറ്റി മാറ്റിപറയുന്നു.ഇടയ്ക്ക് ഫോട്ടോഗ്രാഫറും പോസ്ചെയ്യുന്ന ആളും പരസ്പരം മാറുന്നു.
കുട്ടികള്‍ ഗോപാലേട്ടന്റെ ജീവിത സന്ദര്‍ഭങ്ങള്‍ ഒപ്പിയെടുക്കുകയാണ്.ഒരേ സമയം ഗോപാലേട്ടനാകാനും ഗോപാലേട്ടനെ മാറിനിന്ന് വീക്ഷിക്കാനും അവര്‍ക്കു കഴിയുന്നു.നിന്നും ഇരുന്നും ചരിഞ്ഞും കിടന്നും അവര്‍ ഗോപാലേട്ടന്റെ ഫോട്ടോ എടുക്കുന്നു.ഗോപാലേട്ടനോ സങ്കടക്കടലില്‍ മുങ്ങിത്താഴുന്നു.
ഈ പ്രവര്‍ത്തനം കുട്ടികളെ ഏറെ രസിപ്പിച്ചു.
തുടര്‍ന്ന് രണ്ടാമത്തെ പ്രവര്‍ത്തനത്തിലേക്കു കടന്നു.
ഗോപാലേട്ടന്‍ പ്രതിസന്ധിയില്‍ എന്ന പാഠഭാഗത്തെ കാര്‍ട്ടൂണുകള്‍ ഓരോരുത്തരും വായിച്ചു.തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
    1. ഗോപാലേട്ടന്‍ എത്തിപ്പെട്ട പ്രതിസന്ധി എന്താണ്?
  • ഈ പ്രതിസന്ധിയില്‍ എത്തിപ്പെടാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെ?
ചര്‍ച്ച ചെയ്യുന്നു.
ഗോപാലേട്ടനുമായി അഭിമുഖം നടത്താന്‍ ചാനലുകാര്‍ എത്തി എന്നു കരുതുക.ഈ അഭിമുഖമാണ് ഇനി അവതരിപ്പിക്കേണ്ടത്.
കുട്ടികള്‍ രണ്ടുപേര്‍ വീതമുള്ള ഗ്രൂപ്പുകളാകുന്നു. ഒരാള്‍ അഭിമുഖം നടത്തുന്നയാള്‍,മറ്റെയാള്‍ ഗോപാലേട്ടന്‍.പ്ലാന്‍ ചെയ്യാന്‍ സമയംഅനുവദിക്കുന്നില്ല.പെട്ടെന്നുള്ള ഇംപ്രൊവൈസേഷന്‍.



ഗോപാലേട്ടന്റെ ജീവിതത്തിലേക്ക് കുട്ടികള്‍ എത്രമാത്രം ഇറങ്ങിചെന്നിട്ടുണ്ടെന്ന് ഈ പ്രവര്‍ത്തനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.പലരും പെട്ടെന്ന് ഗോപാലേട്ടനായി.ഗൗരവക്കാരായി. ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന ഒരാളായി.ഗോപാലേട്ടന്‍ തന്റെ പ്രയാസങ്ങള്‍ പത്രക്കാര്‍ക്ക് മുന്നില്‍ അ
വതരിപ്പിച്ചു.കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുത്തു ഈ പ്രവര്‍ത്തനം.
 
ഇനി പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നു.
  • ഗോപാലേട്ടന് എങ്ങനെയെല്ലാം ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയും?നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറിക്കുക.
കുട്ടികള്‍ വ്യക്തിഗതമായി എഴുതി.അവതരിപ്പിച്ചു.വ്യത്യസ്തമായ വീക്ഷണങ്ങള്‍.ഗോപാലേട്ടനെ ആത്മഹത്യയിലേക്കു തള്ളിവിടരുതേ എന്ന അപേക്ഷ.ഈ വിഷയത്തില്‍ സമൂഹം അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഗോപാലേട്ടന്‍മാര്‍ ഇനിയും സംഭവിക്കും എന്ന മുന്നറിയിപ്പ്.

തുടര്‍ന്ന് ദാരിദ്ര്യവുമായി ബന്ധപ്പെട്ട പാഠഭാഗത്തെ വായനാക്കുറിപ്പു വായിക്കുന്നു.ദാരിദ്ര്യം അനുഭവിക്കുന്ന എത്ത്യോപ്പിയയിലെ കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നു.


പാഠഭാഗത്തു നല്‍കിയ പട്ടിക അപഗ്രഥിച്ച് ദാരിദ്ര്യം എങ്ങനെയാണ് വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തുന്നു.സ്വന്തം പ്രദേശത്തെ സാമ്പത്തിക സ്ഥിതിയറിയാന്‍ സര്‍വ്വെ നടത്തുന്നു....

 
സാമൂഹ്യശാസ്ത്രക്ലാസ്സ് സര്‍ഗാത്മകമാക്കുക സാധ്യമാണ്.

ഒരേ ദിശയിലേക്കുള്ള ക്ലാസ്സുമുറിയെന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട്.വിവിധ ദിശകളിലേക്ക് കുട്ടികള്‍ക്ക് മാറിയിരിക്കാന്‍ കഴിയണം.
കുട്ടികളുടെ ഇരിപ്പിടങ്ങള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ളതായിരിക്കണം.
ചിത്രംവര, പെയിന്റിങ്ങ്,നാടകം,സംഗീതം,നിര്‍മ്മാണം,.ടി തുടങ്ങിയവയെ സാമൂഹ്യശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ കഴിയണം.
ക്ലാസില്‍ സ്ഥിരമായി പ്രൊജക്ടര്‍ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കണം.
കുട്ടികള്‍ക്ക് കഥാപ്പാത്രങ്ങളായി മാറുന്നതിനും മറ്റും ആവശ്യമായ കോസ്റ്റ്യൂം (തുണിക്കഷണങ്ങള്‍,ഷാളുകള്‍,തൊപ്പി...)പ്രോപ്പര്‍ട്ടികള്‍ (വിവിധ ആകൃതിയിലുള്ള വടിക്കഷണങ്ങള്‍,മരക്കട്ടകള്‍..) എന്നിവയുടെ ശേഖരം ക്ലാസുമുറിയില്‍ ഒരുക്കിയിരിക്കണം.

1 comment:

  1. പരിതപിക്കലല്ല പരിമിതി മറികടക്കാനുള്ള അന്വേഷണം നടത്തുക എന്നതാണ് സര്‍ഗചിന്തയുള്ള അധ്യാപകര്‍ ചെയ്യേണ്ടത്...ഇതാണ് സുരേന്ദ്രന്‍ മാഷ് അധ്യാപക സമൂഹത്തിന് നല്‍കുന്ന സന്ദേശം..സര്‍ഗാത്മകത വിടരുന്ന പുതിയ ദിനങ്ങള്‍ക്കായി നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഞങ്ങളും കാത്തിരിക്കുന്നു..കാനത്തൂരിന്റെ പ്രിയമാഷിനും കുട്ടികള്‍ക്കും ആശംസകള്‍

    ReplyDelete