ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 19 January 2014

'കൊരമ്പ' ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?


പുരാവസ്തു പ്രദര്‍ശനം ഒരു പഠനപ്രവര്‍ത്തനമാകുന്നതെങ്ങനെ?
പ്രദര്‍ശനം ഒരുക്കുന്നതിലൂടെ കുട്ടികള്‍ എന്താണ് പഠിച്ചത്?

പ്രദര്‍ശനം ഒരുക്കാന്‍ തീരുമാനിച്ചതു മുതലുള്ള മൂന്നാഴ്ച സമയം കുട്ടികള്‍ എന്തൊക്കെ പ്രക്രിയകളിലൂടെയാണ് കടന്നുപോയത്?
വിലയിരുത്തേണ്ടതുണ്ടെന്നു തോന്നുന്നു.

 
സാമൂഹ്യശാസ്ത്രം ആറാം പാഠത്തില്‍ പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പറയുന്നുണ്ട്.അന്നുതന്നെ കുട്ടികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.എന്നാല്‍ ഞാന്‍ അത് പരിഗണിച്ചില്ല.പാഠം തീരാന്‍ ബാക്കിയുള്ളതുകൊണ്ടും ഒരുക്കങ്ങള്‍ക്കായി ധാരാളം സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ടും.എന്നാല്‍ സോഷ്യല്‍ ക്ലബ്ബിന്റെ യോഗത്തിനിടയില്‍ ഈ മാസത്തെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുമ്പോള്‍ കുട്ടികള്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചു.അങ്ങനെയാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
 
"എന്റെ വീട്ടില്‍ ഉലക്കയുണ്ട് സാര്‍, ഞാനതുകൊണ്ടുവരാം.”
വിഷ്ണുനാഥ് പറഞ്ഞു.
"എന്റെ വീട്ടില്‍ തൈരുകടയുന്ന മന്തും നാഴിയുമുണ്ട്."ശ്രീലക്ഷ്മി പറഞ്ഞു.
"എന്റെ വീട്ടില്‍ചെല്ലപ്പെട്ടിയുണ്ട്...മുരടയുണ്ട്...."കുട്ടികള്‍ ഓരോരുത്തരായി വിളിച്ചു പറയാന്‍ തുടങ്ങി..
ആ യോഗത്തില്‍ വെച്ചുതന്നെ ഓരോരുത്തരും കൊണ്ടുവരാമെന്നേറ്റ സാധനങ്ങളുടെ ലിസ്റ്റു തയ്യാറാക്കി.
 


പിറ്റേ ദിവസം മുതല്‍ കുട്ടികള്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി.ഉച്ചഭക്ഷണ സമയത്തും വൈകുന്നേരം സ്ക്കൂള്‍വിട്ടതിനു ശേഷവും കുട്ടികള്‍ കാനത്തൂരിലെ വീടുവീടാന്തരം കയറിയിറങ്ങി പുരാവസ്തുക്കള്‍ ശേഖരിച്ചു.കുട്ടികളെ ഏറെ സന്തോഷിപ്പിച്ച ഒരു പ്രവര്‍ത്തനമായിരുന്നു ഇത്.ഭാരമുള്ള വസ്തുക്കള്‍വരെ അവര്‍ ആഘോഷത്തോടെ ചുമലിലേറ്റി കൊണ്ടുവന്നു.അതോടൊപ്പം അവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കി.പുരാവസ്തുക്കളുടെ സ്ഥാനം ഇന്നു വീടുകള്‍ക്കു പുറത്താണ്.വിറകുപുരയിലോ പശുതൊഴുത്തിലോ.മരസാമാനങ്ങള്‍ ചിതലരിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി അധികകാലം ഇവയ്ക്കു നിലനില്പില്ല.

 






 


ഏതാണ്ട് രണ്ടാഴ്ചക്കാലം സാധനങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിച്ചു.
.പ്രദര്‍ശനത്തിനു പേരു കണ്ടെത്തി -കൊരമ്പ.പണ്ടുകാലത്ത് മഴ കൊള്ളാതിരിക്കാന്‍ കൃഷിക്കാര്‍ തലയില്‍ ചൂടുന്ന, ഉണങ്ങിയ തെങ്ങോല മടഞ്ഞുണ്ടാക്കിയ ഒരു സാധനം.ഗോഗുലാണ് കൊരമ്പ കൊണ്ടുവന്നത്.അതും തലയില്‍വെച്ച് അവന്‍ ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തു.

പ്രദര്‍ശനത്തിനുള്ള തീയ്യതി നിശ്ചയിച്ചു. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തി- തൊണ്ണൂറുവയസ്സുകഴിഞ്ഞ ബൈരന്‍ മൂപ്പന്‍. തുളുനൃത്തകലാകാരന്‍. കാനത്തൂരിന്റെ മണ്ണില്‍ പൊന്നുവിളയിച്ച കൃഷിക്കാരന്‍.ആദിവാസി മൂപ്പന്‍.

 
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് പോസ്റ്ററുകളും നോട്ടീസും തയ്യാറാക്കി.
പോസ്റ്റര്‍ കാനത്തൂര്‍ ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു.നോട്ടീസുകള്‍ വിതരണം ചെയ്തു.കാണുന്നവരെയെല്ലാം പ്രദര്‍ശനത്തിനു വരാന്‍ ക്ഷണിച്ചു.
അവര്‍ ശേഖരിച്ചുകൊണ്ടുവന്ന ഒരോ സാധനത്തിന്റെയും കുറിപ്പുകള്‍ തയ്യാറാക്കി.കുട്ടികള്‍ക്ക് അന്യമായ വസ്തുക്കളായിരുന്നു എല്ലാം.വീടുകളിലെ മുത്തശ്ശിമാരുടെ സേവനം കുട്ടികള്‍ ഉപയോഗപ്പെടുത്തി.
തലേദിവസം ഓലകൊണ്ടുള്ള ലളിതമായ ഗേറ്റു തയ്യാറാക്കി.
സാധനങ്ങള്‍ തരംതിരിച്ച് നന്നായി ഡിസ്പേ ചെയ്തു.
പ്രദര്‍ശന ഹാളിനു മുന്നില്‍ തൂക്കിയിട്ട കടലാസില്‍ കുട്ടികള്‍ ഇങ്ങനെ കുറിച്ചിട്ടു.
'പുരാവസ്തുക്കള്‍ ഒരു ജനതയുടെ ജീവിതമാണ്.
അവരുടെ സംസ്ക്കാരമാണ്.
പുരാവസ്തുക്കള്‍ സംരക്ഷിക്കുക.
ഇല്ലെങ്കില്‍ ഓര്‍മകളില്ലാത്ത ഒരു ജനതയായ് നാം മാറും.'

 
ഈ പ്രവര്‍ത്തനത്തിലൂടെ കടന്നുപോയ കുട്ടികളെ നിരീക്ഷിച്ചതില്‍ നിന്നും എനിക്കു ബോധ്യപ്പെട്ടത് ഇവയാണ്
  • കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള,കുട്ടകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഏതൊരു പ്രവര്‍ത്തനത്തിലും കുട്ടികള്‍ പൂര്‍ണ്ണമായും മുഴുകും.പ്രത്യേകിച്ചും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍.

  • സംഘം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശക്തമായ ആവശ്യകത സൃഷ്ടിക്കുന്നുണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍.ക്ലാസിലെ കേവലമായ ഗ്രൂപ്പുപ്രവര്‍ത്തനം പോലെയല്ല ഇത്.പ്രവര്‍ത്തനം വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോകുട്ടിയും സ്വയം ഏറ്റെടുക്കുന്നു.

  • വസ്തുക്കള്‍ ശേഖരിക്കല്‍,അന്വേഷണം,കുറിപ്പുതയ്യാറാക്കല്‍,പോസ്റ്റര്‍ രചന,നോട്ടീസ് തയ്യാരാക്കല്‍,പ്രദര്‍ശനഹാള്‍ ഒരുക്കല്‍ തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഒരു ലക്ഷ്യത്തില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നു.

  • കാലാകാലങ്ങളിലായി നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ വരുന്ന മാറ്റം തിരിച്ചറിയുന്നതിലൂടെ,അതിനെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ ചരിത്രാവബോധം രൂപപ്പെടുന്നു.

ഏതായാലും കൊരമ്പ കൊണ്ട് വലിയൊരുനേട്ടമുണ്ടായി.പുരാവസ്തുക്കള്‍ നമ്മുടെ നാടിന്റെ സമൃദ്ധമായ ഭൂതകാലമാണെന്നും അവ സംരക്ഷിക്കേണ്ടതുമാണെന്നുമുള്ളബോധ്യം നാട്ടുകാരിലും രക്ഷിതാക്കളിലും ഉണ്ടാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞു.സ്ക്കൂളിനു സ്വന്തമായി ഒരു മ്യൂസിയം വേണം എന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.അടുത്തവര്‍ഷത്തെ വികസന പരിപാടിയിലെ ഒന്നാമത്തെ ഇനമായി മ്യൂസിയത്തെ ഉള്‍ക്കൊള്ളിച്ചു.
എം എം സുരേന്ദ്രന്‍






No comments:

Post a Comment